ഈ കയറ്റം തുടർന്നാൽ ഒരു കിലോ തെങ്ങായ്ക്ക് നൂറു രൂപയും വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറും എത്തിയേക്കുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ തേങ്ങായ്ക്ക് ചില്ലറ വില 80 രൂപ കടന്നു. വെളിച്ചെണ്ണ 400 രൂപയിലേക്ക് അടുത്തു.
തേങ്ങാവില അൻപതു രൂപയിൽ താഴാൻ യാതൊരു സാധ്യതയുമില്ലെന്നാണ് നിഗമനം. കേരളത്തിൽ തെങ്ങും തേങ്ങയും കുറഞ്ഞതോടെ ഡിമാൻഡ് വർധിച്ചു എന്നതാണ് വില കയാറാൻ കാരണം. കറി ഒന്നുമില്ലെങ്കിൽ ഒരു തേങ്ങാ ചമ്മന്തി അരയ്ക്കാം എന്ന പതിവു പറച്ചിൽ ഇനിയുണ്ടാവില്ല.
തേങ്ങാ ചുരണ്ടി ചമ്മന്തി അരയ്ക്കാൻ ചെലവേറി. ഇഡ്ഡലിക്കും ദോശയ്ക്കും ഒപ്പം ഒഴിച്ചിരുന്ന ചട്നി ഇനി പിടിച്ചു വിളമ്പേണ്ടി വരും. കാലാവസ്ഥാ വ്യതിയാനവും ചെള്ളും വണ്ടും മണ്ടരിയുമൊക്കെയായി തെങ്ങിന്റെ മണ്ടയും ചുവടും തകർന്നാണ് തെങ്ങുകൃഷി സംസ്ഥാനത്ത് വല്ലാതെ ചുരുങ്ങിയത്.
തെങ്ങ് കയറ്റക്കൂലി നൂറു രൂപയും കടന്നതോടെ കർഷകർ തോട്ടം അടച്ച് കരിക്കുകാർക്ക് പാട്ടത്തിനു കൊടുക്കുന്ന പ്രവണതയുമേറി. കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ തെങ്ങുകൃഷിയുള്ളത്. അവിടെയെല്ലാം ഉത്പാദനം കുറയുകയുമാണ്.
പണ്ടൊക്കെ രണ്ടു മാസം കൂടുമ്പോൾ തേങ്ങയിട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്ന് മാസത്തിലൊരിക്കലായി. കേരളത്തിൽ ക്ഷാമം നേരിട്ടാൽ തമിഴ്നാട്ടിൽനിന്ന് എത്തിക്കുകയായിരുന്നു പതിവ്.
എന്നാൽ, തമിഴ്നാട്ടിൽ നാളികേരം വ്യാപകമായി മൂല്യവർധന ഉത്പന്നങ്ങളാക്കാൻ തുടങ്ങിയതോടെ അവിടെനിന്നും കിട്ടാതായി. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം പേർ തെങ്ങുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്തിരുന്നു.
കേന്ദ്രം എണ്ണ ഇനങ്ങളുടെ ഇറക്കുമതി തീരുവ ഉയർത്തിയത് കേര കർഷകർക്കു നേട്ടമായി. എന്നാൽ, ഇതിന്റെ നേട്ടം കർണാടക, തമിഴ്നാട് കർഷകർ കൊണ്ടുപോയെന്നു മാത്രം. നിലവിൽ കേരളത്തെ പിന്നിലാക്കി രാജ്യത്ത് ഒന്നാം സ്ഥാനം കർണാടക നേടി.
രാജ്യത്തെ മൊത്തം തേങ്ങാ ഉത്പാദനത്തിൽ 28.5 ശതമാനമാണ് കർണാടകത്തിന്റെ സംഭാവന. 2016 മുതൽ ഈ നേട്ടം തുടർച്ചയായി കർണാടകത്തിനാണ്. നാളികേര ഉത്പാദനത്തിൽ 726 കോടിയുമായി കർണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോൾ 578 കോടിയുമായി തമിഴ്നാട് രണ്ടാം സ്ഥാനത്തുണ്ട്.
564 കോടിയുമായി കേരളം മൂന്നാം സ്ഥാനത്തും. ഉണ്ട കൊപ്ര ഉത്പാദനത്തിലും കർണാടക കേരളത്തെ പിന്തള്ളി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ ഉത്പാദനത്തിൽ ഓരോ വർഷം കഴിയുന്തോറും വലിയ കുതിപ്പാണു നടത്തുന്നത്.
തമിഴ്നാട് തരിശ് സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാളികേര കൃഷിക്കു വലിയ പ്രാധാന്യം നൽകുന്നു. പലവിധത്തിലുള്ള കൃഷി സഹായ പദ്ധതികളും തമിഴ്നാട് നടപ്പിലാക്കുന്നുണ്ട്.
തെങ്ങിൽനിന്നും തേങ്ങയിൽനിന്നുമുള്ള മൂല്യവർധക ഉത്പന്നങ്ങൾ നിർമിക്കാൻ സർക്കാർ വലിയ പിന്തുണയാണു നൽകുന്നത്. റേഷൻ കടകളിലൂടെ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള നീക്കത്തിലാണു തമിഴ്നാട്.
തമിഴ്നാട്ടിൽ കോയമ്പത്തൂർ ജില്ലയാണു തേങ്ങ ഉത്പാദനത്തിൽ ഒന്നാമത്. കേരളത്തിലേക്ക് തേങ്ങ വരുന്നതേറെയും പൊള്ളാച്ചിയിൽ നിന്നാണ്. നാമക്കൽ. ദിണ്ഡിഗൽ, തേനി, മധുര എന്നിവിടങ്ങളിലും തെങ്ങ് കൃഷി കാര്യമായുണ്ട്.
കേരളത്തിൽ അഞ്ചുവർഷം കൊണ്ട് 300 കോടിക്ക് അടുത്താണ് ഉത്പാദനത്തിലുണ്ടായ കുറവ്. കൃഷി സ്ഥലത്തിന്റെ അളവിലും കുറവു വരുന്നുണ്ട്. 2000ൽ 9.25 ലക്ഷം ഹെക്ടറിൽ കേരളത്തിൽ നാളികേര കൃഷിയുണ്ടായിരുന്നത് 7.59 ലക്ഷം ഹെക്ടറിലേക്കു ചുരുങ്ങി.
2017ൽ 8.07 ഹെക്ടറിലായിരുന്നു തെങ്ങു കൃഷി. ആറു വർഷം കൊണ്ട് 48,000 ഹെക്ടറിൽ തെങ്ങ് ഇല്ലാതായി. ഒരു ഹെക്ടർ തെങ്ങിൻ തോട്ടത്തിൽ നിന്ന് 8118 തേങ്ങ എന്നതാണ് കേരളത്തിന്റെ ശരാശരി വാർഷിക ഉത്പാദന നിരക്കെങ്കിൽ തമിഴ്നാട്ടിൽ അത് 11,537 ആണ്.
കർണാടകയിൽ ഒരു ഹെക്ടറിൽ നിന്ന് 6968 നാളികേരം ഉൽപാദിപ്പിക്കുന്നുണ്ട്. ഉത്പാദന ക്ഷമതയുടെ കാര്യത്തിൽ ആന്ധ്രാപ്രദേശും കേരളത്തെ കടത്തിവെട്ടി. ഹെക്ടറിന് 9514 നാളികേരം. ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളും തെങ്ങുകൃഷിയിൽ മുന്നേറുകയാണ്.
ബംഗാളികൾ അവിടെനിന്ന് കേരളത്തിലെത്തുന്പോൾ തെങ്ങ് കേരളത്തിൽനിന്ന് ബംഗാളിലേക്ക് കുടിയേറുന്നു എന്നതാണ് ശരി. ഒരു ഹെക്ടറിൽ 12,852 നാളികേരമാണ് ബംഗാളിലെ ഉത്പാദനക്ഷമത. ആഭ്യന്തര വിപണിയിൽ മാത്രമല്ല, വിദേശത്തും നാളികേര ഉത്പന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുകയാണ്.
വെർജിൻ വെളിച്ചെണ്ണ, വെളിച്ചെണ്ണ, കൊപ്ര, കൊട്ടത്തേങ്ങ, പച്ചത്തേങ്ങ, കരി, സോപ്പുകൾ, ഹെയർ ക്രീം, കരിക്കിൻ വെള്ളം, തേങ്ങാവെള്ളം,തേങ്ങാപ്പീര, തേങ്ങാപ്പാൽ, ചിരട്ടകൊണ്ട് ഐസ്ക്രീം കപ്പ് തുടങ്ങിയ ഉത്പന്നങ്ങളാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്.
യുഎഇ, മ്യാൻമർ, ശ്രീലങ്ക, സൗദി, ഒമാൻ, അമേരിക്ക, ഖത്തർ, കുവൈറ്റ്, പാക്കിസ്ഥാൻ, ബ്രിട്ടൻ, ബഹ്റൈൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയിൽ നിന്ന് വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യ നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതിയിലൂടെ 3236 കോടി രൂപ കഴിഞ്ഞ വർഷം നേടിയെങ്കിലും ഇതിന്റെ 63.78 ശതമാനവും ഉത്തേജിത കരി അഥവാ ആക്ടിവേറ്റഡ് കാർബണിൽനിന്നാണ്. 13.25 ശതമാനം മാത്രമാണ് വെളിച്ചെണ്ണയുടെ വിഹിതം.
തേങ്ങാപ്പീര -4.91, ഉണക്ക തേങ്ങ -3.1, ചിരട്ടക്കരി -2.34, കൊപ്ര -4.29 എന്നിങ്ങനെ പോകുന്നു മറ്റ് ഉത്പന്നങ്ങളുടെ വിഹിതം. ചിരട്ട ഒഴികെ ഉത്പന്നങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ ഏറെ പിന്നിലാണ്.
2050 ആകുമ്പോഴേക്കും 45,000 മില്യണ് തേങ്ങ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്.